ന്യൂഡൽഹി: 2026ലെ ഏഷ്യൻ ഗെയിംസിനായി ഇന്ത്യൻ ഹോക്കി ടീമുകളുടെ ജേഴ്‌സി നിറത്തിൽ മാറ്റം വരുത്താൻ ഹോക്കി ഇന്ത്യ ശുപാർശ നൽകി. നീല നിറത്തിന് ഒന്നാം മുൻഗണനയും കാവി നിറത്തിന് രണ്ടാം മുൻഗണനയുമാണ് നൽകിയതെന്ന് ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു.
ഏഷ്യൻ ഗെയിംസിനായി മാത്രമുള്ള താത്കാലിക നിർദേശമാണിതെന്നും ടീം സ്ഥിരമായി നീല ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി. കാവി നിറം പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നും ഭാവിയിലെ ടൂർണമെന്റുകളിലെ ജേഴ്‌സി നിറം സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കിയും ട്രഷറർ ശേഖർ ജെ. മനോഹരനും അറിയിച്ചു.
നേരത്തെ ഹോക്കി ലോകകപ്പിനിടെ കാവി നിറം പ്രധാന ജേഴ്‌സിയായി അവതരിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പരമ്പരാഗതമായി നീല ജേഴ്‌സിയിലാണ് ഇന്ത്യൻ ഹോക്കി ടീമുകൾ കളിച്ചിരുന്നത്.
അതേസമയം, ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജേഴ്‌സിയുടെ അന്തിമ രൂപവും ഡിസൈനും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ തീരുമാനം നിറങ്ങളുടെ മുൻഗണന സംബന്ധിച്ച താത്കാലിക നിർദേശം മാത്രമാണെന്നും ഔദ്യോഗിക കിറ്റ് പുറത്തിറക്കുന്നതോടെയാകും അന്തിമ ചിത്രം വ്യക്തമാകുകയെന്നും ഹോക്കി ഇന്ത്യ അറിയിച്ചു.


