തിരുവനന്തപുരം: CMRL-Exalogic സാമ്പത്തിക ഇടപാട് കേസിൽ ഇഡി സ്വീകരിച്ച നടപടിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ. ഇഡിക്കെതിരായ പൊതുനിലപാടിൽ മാറ്റമില്ലെങ്കിലും, നിലവിൽ പിണറായി വിജയനെ അനുകൂലിക്കാനോ എതിർക്കാനോ സിപിഐ നേതാക്കൾ തയ്യാറായിട്ടില്ല.
ഇഡി ഡിജിപിക്ക് കൈമാറിയ കത്തിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും വിഷയത്തിൽ നിലപാട് സ്വീകരിക്കുക. അതുവരെ പിണറായി വിജയനെ പിന്തുണയ്ക്കുകയോ തള്ളിപ്പറയുകയോ വേണ്ടെന്നാണ് സിപിഐയിലെ ധാരണ. എന്നാൽ ഇഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആയുധമായി പ്രവർത്തിക്കുന്നു എന്ന നിലപാടിൽ മാറ്റമില്ലെന്നും സിപിഐ വ്യക്തമാക്കി.
അതേസമയം, ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ കേസെടുക്കാനുള്ള സർക്കാർ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സിപിഐഎം തീരുമാനം. ഇഡി നേരത്തെയും ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നെന്നും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമാണ് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ നിലപാട്.
പൊലീസ് നടത്തിയ അന്വേഷണവും വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ വിധികളും പരിശോധിച്ച ശേഷമാണ് ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയതെന്നാണ് ദേശാഭിമാനി വ്യക്തമാക്കുന്നത്. നേരത്തെ ഇഡി നൽകിയ കത്ത് തള്ളിക്കളഞ്ഞതാണെന്നും ഭരണം മാറിയതിനു പിന്നാലെയാണ് പുതിയ കത്ത് നൽകിയതെന്നും മുഖപത്രം ആരോപിച്ചു.
അതേസമയം, ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടൻ കേസെടുക്കുമെന്നാണ് കേന്ദ്ര ഏജൻസിയുടെ വിലയിരുത്തൽ. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ തെളിവുകളുണ്ടെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടി സ്വീകരിക്കുക. വിഷയത്തിൽ വിശദമായ പരിശോധനയും നിയമോപദേശവും ആവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.


