Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CMRL–എക്‌സാലോജിക്; എഫ്‌ഐആർ വന്നാൽ കോടതിയെ സമീപിക്കുമെന്ന് പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം പാർട്ടിക്ക് ലഭിച്ചതായാണ് വിവരം. വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ തള്ളിയ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയാകും നിയമനടപടിയിലേക്ക് നീങ്ങുക. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും കോടതിയെ സമീപിക്കും.

അതേസമയം, ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടൻ കേസെടുക്കുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൃത്യമായ മൊഴികളുണ്ടെന്നും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വീണയുടെ പക്കൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ കണക്കുകൾ നിർണായക തെളിവാണെന്നാണ് ഇഡിയുടെ വാദം. മുഹമ്മദ് റിയാസിന്റെ ഇടപെടലിലൂടെ കൈക്കൂലി പണം വിദേശത്തേക്ക് കടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. വരുമാനത്തിനപ്പുറം വീണ 20 കോടിയിലധികം രൂപ കൈകാര്യം ചെയ്തതായും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

നടപടി വൈകിയാൽ തെളിവ് നശിപ്പിക്കാനുള്ള സാഹചര്യമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇഡി, എഫ്‌ഐആർ വൈകുന്നതിന് ഡിജിപി ഉത്തരവാദിയായിരിക്കുമെന്നും കത്തിൽ വ്യക്തമാക്കിയതായാണ് വിവരം. ഇതുസംബന്ധിച്ച രണ്ട് സുപ്രീംകോടതി വിധികളും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ ഡിജിപിക്ക് ഇഡി കത്ത് നൽകിയത്. പിണറായി വിജയൻ, വീണ ടി., മുൻ മന്ത്രിയും എംഎൽഎയുമായ പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്.

വീണ വഴി പിണറായി വിജയൻ സിഎംആർഎല്ലിൽനിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ ആരോപണം. കൈക്കൂലി പണം വീണ വഴിയും സുഹൃത്തുക്കൾ വഴിയും റിയാസ് ദുബായിലേക്ക് അയച്ചതായും കത്തിൽ പറയുന്നു. കൈക്കൂലി പണം കൈപ്പറ്റാനും വിദേശത്തേക്ക് കടത്താനും വീണ പിണറായി വിജയനെയും ഭർത്താവ് മുഹമ്മദ് റിയാസിനെയും സഹായിച്ചതായും ഇഡി ആരോപിക്കുന്നു.

ഇടപാടുകൾക്കായി എക്‌സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനം ഉപയോഗിച്ചെന്നും സിഎംആർഎൽ എംഡി കൈക്കൂലി പണം നൽകിയെന്നും സിഎംആർഎൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ ഇടപാടുകൾക്ക് സഹായം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. വീണയെയും റിയാസിനെയും ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി.പി., നന്ദുലാൽ എം. എന്നിവർ സഹായിച്ചതായും ഇഡി വ്യക്തമാക്കുന്നു.

ഡിജിപിക്ക് ഇഡി നൽകിയ റിപ്പോർട്ടിൽ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചാൽ റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇഡി നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സിപിഐഎം തീരുമാനം. ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്നും അതിനെ പ്രതിരോധിച്ച് മുന്നോട്ടുപോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരു കത്തിന് വലിയ വിലയില്ലെന്നും യുഡിഎഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

തനിക്കെതിരായ വേട്ടയാടൽ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ അതിന് ശേഷിയുള്ളവരായി ഉയർന്നിട്ടില്ലെന്നും പിണറായി വിജയനും പ്രതികരിച്ചു. രാഷ്ട്രീയമായതിനെ രാഷ്ട്രീയമായും നിയമപരമായതിനെ നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡി നീക്കത്തിൽ പിണറായി വിജയനെ പിന്തുണച്ച് സിപിഐഎം പോളിറ്റ് ബ്യൂറോയും രംഗത്തെത്തി. ഇഡിയുടെ നടപടിയെ രാഷ്ട്രീയ വേട്ടയെന്നാണ് സിപിഐഎം വിമർശിക്കുന്നത്. ഇഡി രാഷ്ട്രീയ വേട്ടയുടെ തുരുമ്പിച്ച ആയുധമാണെന്നായിരുന്നു ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലെ വിമർശനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix