മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ട്രക്കും ബൊലേറോ എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ നാഗ്പൂർ–റായ്പൂർ ദേശീയപാതയിൽ പിമ്പൽഗാവ് സടക് മേഖലയിലെ ഭുവ ദാബയ്ക്ക് സമീപമായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ സക്കോലി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞെത്തിയ പൊലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മരിച്ചവരെല്ലാം ബൊലേറോയിൽ യാത്ര ചെയ്തിരുന്നവരാണ്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്ന് നാഗ്പൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ബൊലേറോ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് മുതിർന്നവരും മൂന്ന് കുട്ടികളും മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.












