പാലക്കാട്: പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയെന്ന പരാതിയിൽ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്.
സെപ്റ്റംബർ മൂന്നിനാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ കറുത്ത തുണികൊണ്ട് മറച്ച ശേഷമാണ് പ്രതികൾ ഇരുമ്പ് ഗ്രിൽ മുറിച്ച് കടത്തിയതെന്നാണ് പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം 30 അടി നീളവും നാല് ഇഞ്ച് വീതിയും ഒന്നര ഇഞ്ച് കനവുമുള്ള ഇരുമ്പ് പൈപ്പ് മുറിച്ച് കടത്തിയെന്നാണ് ക്ഷേത്ര അധികൃതർ നൽകിയ പരാതിയിൽ പറയുന്നത്.
ക്യാമറകൾ മറയ്ക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് ക്ഷേത്ര അധികൃതരുടെ വിശദീകരണം.
ക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊപ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.




