കണ്ണൂർ: സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത ശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. പയ്യന്നൂർ പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്തെ കെസ്റ്റർ ഗ്രാഫിക്സിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് ചിറ്റാരിക്കാൽ കുന്നുംകൈ സ്വദേശി ജിൻസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തട്ടിപ്പ് നടന്നത്.
മാതമംഗലം സ്വദേശിനിയായ ജീവനക്കാരി നിവ്യ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അജ്ഞാതനായ യുവാവ് സ്ഥാപനത്തിലെത്തിയത്. സ്ഥാപന ഉടമ പിലാത്തറയിലെ ഓഫീസിലാണെന്ന് നിവ്യ പറഞ്ഞതോടെ, ജിൻസിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതായി യുവാവ് ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചു.
ജയകുമാർ എന്നയാൾ എത്തുമെന്നും 27,000 രൂപ നൽകുമെന്നും അത് വാങ്ങിവെക്കണമെന്നും യുവാവ് പറഞ്ഞു. സ്ഥാപനത്തിൽ 2,000 രൂപയുണ്ടെന്നും അത് നൽകാൻ ഉടമ ആവശ്യപ്പെട്ടതായും യുവാവ് ജീവനക്കാരിയോട് പറഞ്ഞു.
മേശയിൽ 1,500 രൂപ മാത്രമാണുള്ളതെന്ന് പറഞ്ഞ ജീവനക്കാരി പണം മേശപ്പുറത്ത് വെച്ച് എണ്ണുന്നതിനിടെ യുവാവ് പണവുമായി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജീവനക്കാരി പയ്യന്നൂർ പോലീസിൽ പരാതി നൽകി. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്ന് പ്രതിയെ തിരിച്ചറിയാൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.




