കുവൈത്ത് സിറ്റി: കുവൈത്തിലെ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ മദ്യനിർമ്മാണം. നാല് ഇന്ത്യക്കാർ അറസ്റ്റിൽ.
അബ്ദലി റോഡിന് സമീപത്തെ മരുഭൂമി മേഖലയിലായിരുന്നു അനധികൃത മദ്യനിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മദ്യം നിർമ്മിച്ചുകൊണ്ടിരുന്ന മൂന്ന് പേരെ സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് മദ്യം വാങ്ങി പുനർവിൽപ്പന നടത്തുന്നതിനായി എത്തിയ നാലാമനെയും പിന്നീട് പിടികൂടി.
റെയ്ഡിൽ വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 236 പ്ലാസ്റ്റിക് കുപ്പികളിലെ പ്രാദേശികമായി നിർമ്മിച്ച മദ്യം, മദ്യനിർമാണത്തിനായി ഉപയോഗിച്ചിരുന്ന നിരവധി ബാരലുകൾ, അസംസ്കൃത വസ്തുക്കൾ, പണം എന്നിവ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ മൂന്ന് പ്രതികൾ രഹസ്യമായി മദ്യം നിർമ്മിക്കുകയും സംഭരിക്കുകയും വിൽക്കുകയും ചെയ്തിരുന്നതായി സമ്മതിച്ചതായി അധികൃതർ അറിയിച്ചു. നാലാമൻ ഇവരിൽനിന്ന് മദ്യം വാങ്ങി പുനർവിൽപ്പന നടത്തിയിരുന്നതായും സമ്മതിച്ചു.
അറസ്റ്റിലായ നാല് പേരിൽ മൂന്ന് പേർക്കെതിരെ നേരത്തെ തന്നെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇവരിൽ ഒരാൾ തട്ടിപ്പ് കേസിലും അധികൃതർ അന്വേഷിച്ചിരുന്നയാളാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അനധികൃത കേന്ദ്രം നീക്കം ചെയ്യുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ഏകോപിച്ച് നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


