ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബറിൽ ചെങ്കോട്ടയ്ക്കു സമീപം 11 പേരുടെ മരണത്തിന് ഇടയാക്കിയ കാർബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമികളുടെ പ്രാഥമിക ലക്ഷ്യം ചെങ്കോട്ടയായിരുന്നില്ലെന്നും ലാൽ മന്ദിർ എന്ന ജെയ്ന ക്ഷേത്രമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. ട്രാഫിക്കിൽ ബ്ലോക്കിൽ പെട്ടതോടെയാണ് പ്ലാൻ മാറ്റിയത്.
സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനായി മൂത്രത്തിൽ നിന്നു യൂറിയ വേർതിരിച്ചെടുക്കുന്ന രീതിയാണ് ആക്രമണം നടത്തിയ ഡോ. ഉമർ ഉൻ നബി ഉപയോഗിച്ചിരുന്നത് എന്നതാണ് കുറ്റപത്രത്തിലെ ഏറ്റവും ഗുരുതരമായ കണ്ടെത്തൽ. ഇത് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഉമറിന്റെ സഞ്ചാരപാത, അയാളുടെ മൊബൈൽ ഫോൺ ഉപയോഗം, ചെങ്കോട്ടയ്ക്കു സമീപം നൂഹിൽ വാടക കെട്ടിടത്തിൽ താമസിച്ച് സ്ഫോടകവസ്തുക്കൾ നിർമിച്ചത് തുടങ്ങിയവയുമായി ബന്ധപ്പെട്ടു ദൃക്സാക്ഷികളുടെ മൊഴിയും ഫൊറൻസിക് തെളിവുകളും എൻഐഎ ശേഖരിച്ചിട്ടുണ്ട്.
സ്ഫോടനത്തിന്റെ തലേദിവസം വരെ, 11 ദിവസത്തോളം നൂഹിലെ ഒരു വാടകമുറിയിൽ താമസിച്ചാണ് ഉമർ സ്ഫോടക വസ്തുക്കൾ നിർമിച്ചത്. ഉമറിന്റെയും കുറ്റകൃത്യത്തിൽ പങ്കാളിയായ ഷഹീൻ സയീദിന്റെയും പെൻഡ്രൈവുകളിൽനിന്ന് യൂറിയ നൈട്രൈറ്റ് ഉപയോഗിച്ചു സ്ഫോടക വസ്തുക്കൾ നിർമിക്കുന്നതിന്റെ മാർഗരേഖകളും മൂത്രത്തിൽനിന്ന് യൂറിയ വേർതിരിച്ചെടുക്കുന്ന വിവിധ മാർഗങ്ങളും അടങ്ങിയ പിഡിഎഫ് ഫയലുകൾ കണ്ടെത്തി. ഉമർ താമസിച്ച മുറിയിൽ മൂത്രം നിറച്ച പോളിബാഗ് കണ്ടെടുത്തെന്നും ഇതിൽനിന്നു കടുത്ത ദുർഗന്ധം വമിച്ചതായി നേരത്തെ അടുത്തു താമസിച്ച സ്ത്രീ പരാതിപ്പെട്ടിരുന്നെന്നും എൻഐഎ ചൂണ്ടിക്കാട്ടുന്നു.


