ഇടുക്കി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനം വിവിധ കരാറുകളിലൂടെ വാങ്ങുകയാണ് ചെയ്യുന്നതെന്നും എം.എം. മണി പറഞ്ഞു. താൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയതെന്നും ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മുൻകൂട്ടി കണ്ടെത്തി പരിഹാരം കാണേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ വെള്ളപ്പൊക്കമുണ്ടായപ്പോഴും മഴ കുറഞ്ഞപ്പോഴും സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോയിട്ടുണ്ടെന്നും മണി പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കാണുമ്പോൾ കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കമ്മീഷൻ തട്ടാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ ഒഴിവാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന കോൺഗ്രസ് വാദത്തെയും മണി ചോദ്യം ചെയ്തു. കഴിഞ്ഞ പത്ത് വർഷം എങ്ങനെയാണ് വൈദ്യുതി പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോയതെന്നും അദ്ദേഹം ചോദിച്ചു.
വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഉൾപ്പെടെ കാര്യങ്ങൾ കൃത്യമായി മനസിലാക്കി പ്രവർത്തിക്കുന്നില്ലെന്നും എം.എം. മണി കുറ്റപ്പെടുത്തി. ഇപ്പോൾ വേണമെങ്കിലും വൈദ്യുതി വാങ്ങാൻ കഴിയുമെന്നും ലഭ്യമല്ലെന്ന് സർക്കാർ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു. കൃത്രിമ കരാർ ഉണ്ടാക്കി കമ്മീഷൻ തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മണി ആരോപിച്ചു.
ഭരിക്കാൻ അറിയില്ലെങ്കിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രാജിവെക്കണമെന്നും ഗവർണർക്ക് ഭരണം ഏൽപ്പിക്കണമെന്നും എം.എം. മണി പരിഹസിച്ചു.
തന്റെ മന്ത്രിയായിരുന്ന കാലം മികച്ചതായിരുന്നുവെന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങളിലും മണി പ്രതികരിച്ചു. അത് തന്റെ മാത്രം മികവല്ലെന്നും അന്നത്തെ സർക്കാരിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി മുൻ വൈദ്യുതി മന്ത്രിയായിരുന്നതിനാൽ അദ്ദേഹത്തിന് ദീർഘവീക്ഷണമുണ്ടായിരുന്നെന്നും താൻ അത് പ്രായോഗികമാക്കാൻ ശ്രമിക്കുകയായിരുന്നെന്നും മണി വ്യക്തമാക്കി.
മഴയും വൈദ്യുതി ലഭ്യതയും സംബന്ധിച്ച പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കേണ്ടതായിരുന്നു. പള്ളിയിലും അമ്പലത്തിലും പോയി വഴിപാട് കഴിച്ചാൽ മഴ പെയ്യില്ലെന്നും പ്രതിസന്ധി മുൻകൂട്ടി കണ്ട് നടപടിയെടുക്കുകയാണ് വേണ്ടതെന്നും എം.എം. മണി പരിഹസിച്ചു.


