ആലപ്പുഴ: ഭരണിക്കാവിൽ വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ അനിൽദാസ് (54), നസീർ (54) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കറ്റാനം ഭരണിക്കാവ് പതിനൊന്നാം വാർഡിലെ വിളയിൽ ജോർജിന്റെ വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മോഷണം നടന്നത്. ജോർജും കുടുംബവും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം.
കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി ജോർജ് ഭാര്യയെയും മകളെയും കൂട്ടി മാവേലിക്കരയിലേക്ക് പോയിരുന്നു. ഈ സമയത്ത് വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. രാത്രി 9.30ഓടെ കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും വിരലടയാള വിദഗ്ധർ ശേഖരിച്ച തെളിവുകളും പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച സ്വർണവും പണവും പൊലീസ് കണ്ടെടുത്തു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നിരവധി മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.












