തിരുവനന്തപുരം: ചിറയിൻകീഴിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്.
ചിറയിൻകീഴ് പുതുക്കരി അവിട്ടം വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മഴക്കോട്ട് ധരിച്ചെത്തിയ സംഘം ബോംബിന് സമാനമായ മൂന്ന് സ്ഫോടക വസ്തുക്കൾ വീടിന് നേരെ എറിഞ്ഞു. ഇതിൽ രണ്ടെണ്ണം ഗേറ്റിനുള്ളിൽ വീണ് പൊട്ടുകയായിരുന്നു. മറ്റൊന്ന് സിറ്റൗട്ടിൽ വീണെങ്കിലും പൊട്ടിയില്ല. ഇതോടെ വലിയ അപകടം ഒഴിവായി.
സംഭവസമയത്ത് ബീജയുടെ ഭർത്താവ് സുരേഷും 13 വയസ്സുള്ള മകളും മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. സ്ഫോടന ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയില്ല. പിന്നീട് പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ സംഘം സ്ഫോടക വസ്തുക്കൾ എറിയുന്നത് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


