ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ 15 മുതൽ 20 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ശ്രമിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ടീം മാനേജ്‌മെന്റ്. എന്നാൽ ഫ്രാഞ്ചൈസിയിൽ ചെറിയൊരു ശതമാനം ഓഹരി ധോണിയുടെ കൈവശമുണ്ടെന്ന് സിഎസ്‌കെ വ്യക്തമാക്കി.
ക്രിക്ബസിന്റെ റിപ്പോർട്ട് പ്രകാരം, സ്വകാര്യ ഇടപാടിലൂടെ സ്വന്തമാക്കിയ ഒരു ലക്ഷത്തിലധികം ഓഹരികൾ ധോണിയുടെ കൈവശമുണ്ട്. എന്നാൽ കമ്പനിയുടെ ആകെ ഓഹരികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 0.01 മുതൽ 0.02 ശതമാനം വരെ മാത്രമാണ്. നിലവിലെ വിപണി മൂല്യം കണക്കിലെടുത്താൽ ധോണിയുടെ ഓഹരികൾക്ക് ഏകദേശം 2.6 കോടി മുതൽ 3 കോടി രൂപ വരെ മൂല്യമുണ്ടെന്നാണ് വിലയിരുത്തൽ.
ടീം ഉടമ എൻ. ശ്രീനിവാസന്റെ കുടുംബത്തിന് സിഎസ്‌കെയിൽ 55 ശതമാനത്തിലധികം ഓഹരി പങ്കാളിത്തവും നിയന്ത്രണവുമുണ്ട്. അതേസമയം, 30 കോടിയിലധികം പൊതു ഓഹരി ഉടമകളും കമ്പനിക്കുണ്ട്.
സിഎസ്‌കെയുടെ 15 മുതൽ 20 ശതമാനം വരെ ഓഹരി സ്വന്തമാക്കാൻ ധോണി ശ്രമിച്ചെന്ന തരത്തിൽ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം.
സിഎസ്‌കെ പൊതുവിപണിയിൽ ട്രേഡ് ചെയ്യാത്ത അൺലിസ്റ്റഡ് കമ്പനിയാണ്. ഓഹരി പങ്കാളിത്തം പരിമിതമാണെങ്കിലും ടീമിന്റെ തന്ത്രപരമായ തീരുമാനങ്ങളിൽ ധോണിയുടെ സ്വാധീനം തുടരുന്നുണ്ട്. മുൻ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും മെഗാ ലേലത്തിന് മുന്നോടിയായുള്ള ട്രേഡിങ് നീക്കങ്ങളിലും ധോണി സജീവമായി ഇടപെട്ടിരുന്നു.
പരിക്കിനെ തുടർന്ന് കഴിഞ്ഞ സീസണിൽ കളിക്കാതിരുന്ന ധോണി, വരാനിരിക്കുന്ന സീസണിൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിനും പുതിയ പരിശീലകനുമൊപ്പം ടീമിനെ എങ്ങനെ മുന്നോട്ട് നയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.












