കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാംപ്രതി ബിആർസി അധ്യാപിക കാവ്യ, നാലാംപ്രതി ആവള സ്വദേശി നീഷ്മ, അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് വടകര എൻഡിപിഎസ് കോടതി തള്ളിയത്.
കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ എട്ടിന് കീർത്തന ജയിൽമോചിതയായി. വടകരയിലെ എംഡിഎംഎ വിൽപ്പനയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
കേസിലെ അഞ്ചാംപ്രതി ജിജിൽ കുര്യാക്കോസിനെ സെപ്റ്റംബർ ഏഴിന് കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ആറുമാസത്തിനിടെ ജിജിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായും പൊലീസ് കണ്ടെത്തി. പിന്നീട് ജിജിലിന്റെ അക്കൗണ്ടിൽനിന്ന് വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.



