ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയും തടയാനെത്തിയ ഭർത്താവിനെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഇച്ചോട മണ്ഡലത്തിലെ കേശവപട്ടണം ഗ്രാമത്തിലാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് വസ്ത്രം കഴുകുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഗ്രാമവാസിയായ ഷെയ്ഖ് സലീം എത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി.
യുവതി ബഹളം വച്ചതോടെ ഭർത്താവ് ഓടിയെത്തി തടയാൻ ശ്രമിച്ചു. ഇതോടെ സലീം ഭർത്താവുമായി തർക്കത്തിലായി. പിന്നാലെ ഷെയ്ഖ് റഷീദ്, സോഹൽ, ഷെയ്ഖ് ഹനീഫ്, ഷെയ്ഖ് ഇദ്രിസ് എന്നിവർ കൂടി സ്ഥലത്തെത്തി.
തുടർന്ന് അഞ്ചുപേരും ചേർന്ന് വടികളും കല്ലുകളും ഉപയോഗിച്ച് യുവതിയുടെ ഭർത്താവിനെ ആക്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം യുവതി പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ഷെയ്ഖ് സലീമിനെതിരെ ബലാത്സംഗശ്രമത്തിനും മറ്റ് നാല് പേർക്കെതിരെ വധശ്രമത്തിനുമാണ് കേസെടുത്തതെന്ന് ഇച്ചോട റൂറൽ ഇൻസ്പെക്ടർ സി.എച്ച്. രമേശ് അറിയിച്ചു.


