ന്യൂഡൽഹി: ഡൽഹിയിൽ ബൈക്കിലെത്തിയ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു. 28കാരനായ വിജയ് കുമാറാണ് മരിച്ചത്. സൗത്ത് ഡൽഹിയിലെ ഫത്തേപൂർ ബേരിയിലെ ആയ നഗറിൽ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടുപേർ വിജയ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏകദേശം 12 തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ വിജയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിന് പിന്നാലെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി വിവിധ പൊലീസ് സംഘങ്ങൾ തിരച്ചിൽ നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
രണ്ട് മാസം മുമ്പും പ്രദേശത്ത് സമാനമായ സംഭവം ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പുതിയ സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.



