ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ 28കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ ശ്യാബു ഖാനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് പൊലീസിന്റെ ക്രൈം ബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിബി-സിഐഡി) രാജസ്ഥാനിലും മധ്യപ്രദേശിലും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു. ചെന്നൈയിൽ എത്തിച്ച പ്രതിയെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ചില ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഡീപ്ഫേക്ക് വീഡിയോകൾ പ്രചരിപ്പിച്ചതെന്ന് സിബി-സിഐഡി അറിയിച്ചു. സാങ്കേതിക പരിശോധനയിലൂടെയാണ് പ്രതിയെ കണ്ടെത്തിയതെന്ന് തമിഴ്നാട് പൊലീസ് മേധാവി മഹേഷ് കുമാർ അഗർവാൾ പറഞ്ഞു.
അറസ്റ്റിലായ ശ്യാബു ഖാനൊപ്പം കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് വിജയ് ഹിന്ദിയിൽ സംസാരിക്കുന്ന തരത്തിലുള്ള ഡീപ്ഫേക്ക് വീഡിയോകൾ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചത്.
സംഭവത്തിൽ സിബി-സിഐഡി ബിഎൻഎസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആളുകളെ തട്ടിപ്പിനിരയാക്കാൻ ലക്ഷ്യമിട്ടാണ് വീഡിയോകൾ നിർമ്മിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബി-സിഐഡി ഫേസ്ബുക്കിനെയും സമീപിച്ചിരുന്നു.


