എറണാകുളം: മകനുമായുള്ള തർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് വീണ് വയോധികൻ മരിച്ചു. അങ്കമാലി മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപം താമസിക്കുന്ന പടയാടൻ ദേവസിക്കുട്ടി (87) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകൻ ഡേവിസ് ഭാര്യയെ മർദിക്കുന്നത് കണ്ടതിനെ തുടർന്ന് ദേവസിക്കുട്ടി തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തിനിടെയാണ് ദേവസിക്കുട്ടി ഭിത്തിയിൽ തലയിടിച്ച് വീണത്.
ഗുരുതരമായി പരിക്കേറ്റ ദേവസിക്കുട്ടിയെ നാട്ടുകാർ ഉടൻ മലയാറ്റൂരിലെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡേവിസ് മലയാറ്റൂർ പള്ളിയിലെ മുൻ കപ്യാരാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


