ന്യൂഡൽഹി: രാജ്യാന്തര സമുദ്ര മേഖലയിൽ വച്ച് പാക്കിസ്ഥാന്റെ നാവികസേന കപ്പൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. സംഭവത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. അതേസമയം, എന്നാണ് സംഭവമുണ്ടായതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും കപ്പലുകളും മുങ്ങിക്കപ്പലുകളും തമ്മിൽ രാജ്യാന്തര സമുദ്രമേഖലയിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ അകലം പാലിക്കണമെന്നാണ് ആർട്ടിക്കിൾ 10ൽ പറയുന്നത്.
‘പാക്കിസ്ഥാൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനൗചിത്യവുമായ പെരുമാറ്റം കാരണം പാക്ക് കപ്പൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചു. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷന്റെ ചാർജ് ദ് അഫയേഴ്സിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിട്ടുണ്ട്. രാജ്യാന്തര സമുദ്ര മേഖലയിലാണ് സംഭവമുണ്ടായത്. കൂട്ടിയിടിൽ കാര്യമായ കേടുപാടുകളുണ്ടായിട്ടില്ല. പാക്കിസ്ഥാൻ നാവികക്കപ്പലിന്റെ നടപടി, സൈനികാഭ്യാസങ്ങളും സേനാനീക്കം എന്നിവ സംബന്ധിച്ച് മുൻകൂർ വിവരങ്ങൾ കൈമാറണമെന്ന 1991ലെ ഇന്ത്യ–പാക്ക് ധാരണയിലെ 10–ാം ആർട്ടിക്കിളിന്റെ ലംഘനമാണ്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കുള്ള പ്രതിഷേധം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ ചാർജ് ദ് അഫയേഴ്സിന് നിർദേശം നൽകി.’–മന്ത്രാലയം പറഞ്ഞു.


