തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ ചിലരുടെ തടവിലാണെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തുന്ന സംവിധായകന് സനല്‍കുമാര്‍ ശശിധരനെ പരിഹസിച്ച് മഞ്ജുവിന്റെ സഹോദരനും നടനും സംവിധായകനുമായ മധു വാര്യര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. സനല്‍കുമാര്‍ ശശിധരന്റെ പേര് പറയാതെയാണ് പോസ്റ്റ്.
താനും അമ്മയും വീട്ടുകാരും കൂടി തടവില്‍ കഴിയുന്ന മഞ്ജു വാര്യരെ കാണാന്‍ പോയെന്നും അവിടെ ചെന്നപ്പോള്‍ തോക്കിന് മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് കൂട്ടത്തിലുണ്ടായിരുന്ന പട്ടി പോലും ഞെട്ടിയെന്നുമാണ് മധു വാര്യര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഗണ്‍പോയിന്റിലുള്ള മഞ്ജു എല്ലാവര്ക്കും ബേണ്‍ഡ് ഗാര്‍ലിക് ഫ്രൈഡ് റൈസും നൂഡില്‍സും ഹണി ഗ്ലേസ്ഡ് ചിക്കനും സാള്‍ട്ട് പെപ്പര്‍ കോട്ടേജ് ചീസും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണശേഷം ഇറങ്ങാന്‍ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞതായും നര്‍മത്തില്‍ പൊതിഞ്ഞ് മധുവാര്യര്‍ കുറിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി മഞ്ജു വാര്യരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങൾ സൃഷ്ടിക്കുകയാണ് സനല്‍കുമാര്‍ ശശിധരന്. മഞ്ജു വാര്യര്‍ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ നിരാഹാര സത്യാഗ്രഹം ഇരിക്കുകയാണ് സനല്‍കുമാര്‍.


