കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്. വടകര എംയുഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥിനിയായിരുന്നു സജ ഫാത്തിമ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന സജ ഫാത്തിമയുടെ അപ്രതീക്ഷിത വിയോഗം സഹപാഠികളെയും അധ്യാപകരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. മാതാവ്: ഹസീന. സഹോദരങ്ങൾ: സാനിയ മിർസ, മുഹമ്മദ് സഹൽ.












