ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത്. എന്നാൽ എംഡിആർ സംവിധാനം ശുപാർശ ചെയ്ത പാർലമെന്ററി ധനകാര്യ സ്ഥിരം സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച യോഗത്തിൽ അഞ്ച് കോൺഗ്രസ് എംപിമാർ പങ്കെടുത്തിരുന്നുവെന്നും ആരും എതിർപ്പ് രേഖപ്പെടുത്തിയിരുന്നില്ലെന്നും റിപ്പോർട്ടുകൾ.
ബിജെപി എംപി ഭർതൃഹരി മഹ്താബ് അധ്യക്ഷനായ പാർലമെന്ററി ധനകാര്യ സ്ഥിരം സമിതി ഓഗസ്റ്റ് 12ന് അംഗീകരിച്ച 44-ാം റിപ്പോർട്ടിലാണ് യുപിഐ ഇടപാടുകൾക്ക് ഘട്ടങ്ങളായുള്ള എംഡിആർ അഥവാ വരുമാന സംവിധാനം ഏർപ്പെടുത്തണമെന്ന് ശുപാർശ ചെയ്തത്. പി. ചിദംബരം, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ്, കിഷോരി ലാൽ, കെ. ഗോപിനാഥ് എന്നീ അഞ്ച് കോൺഗ്രസ് എംപിമാർ റിപ്പോർട്ട് അംഗീകരിച്ച യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും പ്രസിദ്ധീകരിച്ച നടപടിക്രമങ്ങളിൽ ഇവരാരും എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ എംഡിആർ സംവിധാനത്തിനെതിരെ കോൺഗ്രസ് ശക്തമായ എതിർപ്പും ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് പാർലമെന്ററി സമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.
ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്ക് എംഡിആർ ബാധകമാകും. പൊതുവായ വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള ഇടപാടുകൾക്ക് 0.4 ശതമാനം വരെയാണ് നിരക്ക്. എന്നാൽ വ്യക്തികൾ തമ്മിലുള്ള യുപിഐ പണമിടപാടുകൾക്ക് ചാർജ് ബാധകമല്ല. ചെറിയ വ്യാപാരികൾക്കും ചില പ്രത്യേക മേഖലകൾക്കും ഇളവുകളും വ്യത്യസ്ത നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
യുപിഐ സംവിധാനത്തിന്റെ സൈബർ സുരക്ഷ, സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ ചെലവുകൾക്കായി സ്ഥിരമായ വരുമാന സംവിധാനം ആവശ്യമാണെന്നാണ് സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എംഡിആർ നികുതിയല്ലെന്നും ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുന്ന സർക്കാർ ഫീസല്ലെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഫീസ് പേയ്മെന്റ് സംവിധാനത്തിലെ ബാങ്കുകൾ, ആപ്പുകൾ തുടങ്ങിയ പങ്കാളികൾക്കിടയിലാണ് പങ്കിടുകയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.












