തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
നാളെ ഇടുക്കിയിലും സെപ്റ്റംബർ 19ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് തുടരും.
ശനിയാഴ്ചയോടെ പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിന്ന് കാലവർഷം പിൻവാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്.
വടക്കൻ തായ്‌ലൻഡിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിൽ എത്താൻ സാധ്യതയുണ്ട്. തുടർന്ന് സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദം ക്രമേണ ശക്തിപ്രാപിച്ച് അടുത്ത മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് എത്താനും സാധ്യതയുണ്ട്.
തെക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ റയലസീമയ്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
തെക്കൻ കർണാടകയിൽ നിന്ന് മന്നാർ കടലിടുക്കിലേക്ക് തമിഴ്നാടിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ സ്വാധീനത്തിൽ സെപ്റ്റംബർ 16 മുതൽ 20 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












