തിരുവനന്തപുരം: കിളിമാനൂരിന് സമീപം വീട്ടിലെ കിടക്കയിൽ നിന്ന് അണലിയെ പിടികൂടി. മാവിൻമൂട് ഭാഗത്തെ വീട്ടിലാണ് ഇന്നലെ രാത്രി അണലി കയറിയത്. വീട്ടുകാർ പാമ്പിനെ കണ്ടതോടെ സ്നേക്ക് റസ്ക്യൂവറെ വിവരമറിയിച്ചതിനാൽ വലിയ അപകടം ഒഴിവായി.
രാത്രി 11 മണിയോടെയാണ് സംഭവം. അടുക്കള ഭാഗത്ത് അണലിയുടെ വാൽ കണ്ടതോടെയാണ് വീട്ടുകാർ പാമ്പിനെ ശ്രദ്ധിച്ചത്. തുടർന്ന് മുറി പൂട്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്നേക്ക് റസ്ക്യൂവർ രാജേഷ് തിരുവാമന സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ കിടക്കയിൽ അണലിയെ കണ്ടെത്തിയത്. തുടർന്ന് കെണി ഒരുക്കി അണലിയെ സുരക്ഷിതമായി പിടികൂടി. പിടികൂടിയ അണലിയെ പിന്നീട് പാലോട് റേഞ്ചിലേക്ക് മാറ്റി.
കാലാവസ്ഥാ വ്യതിയാനം മൂലം സെപ്റ്റംബർ മാസത്തിലും പാമ്പുകൾ മാളങ്ങളിൽ കഴിയാത്ത സാഹചര്യമുണ്ടാകാമെന്ന് രാജേഷ് പറഞ്ഞു. രാത്രികാലങ്ങളിൽ വീടിനുള്ളിലും പരിസരത്തും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വീടിനുള്ളിലേക്ക് പാമ്പ് കയറുന്നത് കൃത്യസമയത്ത് ശ്രദ്ധയിൽപ്പെട്ടതാണ് അപകടം ഒഴിവാകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.


