ദുബായ്: ഉന്നതവിദ്യാഭ്യാസത്തിനായി ദുബായിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്കായി പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ദുബായിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകൾ, അധിക സൗജന്യ ലഗേജ് പരിധി, യാത്രാ തീയതികളിൽ മാറ്റം വരുത്തുന്നതിനുള്ള ഇളവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ ലഭിക്കും.
വിദ്യാർഥികൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും എമിറേറ്റ്സ് അക്കാദമിക് പ്രോഗ്രാമിലൂടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ‘ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ്പ്’ പദ്ധതിക്ക് കീഴിലുള്ള വിദ്യാർഥികൾക്കായി പ്രത്യേക യാത്രാ പിന്തുണയും എമിറേറ്റ്സ് നൽകും.
2033ഓടെ ദുബായിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ അനുപാതം 50 ശതമാനമായി ഉയർത്തുകയും ദുബായിയെ ലോകത്തെ മികച്ച 10 വിദ്യാർഥി നഗരങ്ങളിൽ ഒന്നാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ‘E33’ തന്ത്രത്തിന്റെ ഭാഗമായാണ് പദ്ധതി.
അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഐസിഇഎഫുമായും എമിറേറ്റ്സ് ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതിലൂടെ ഐസിഇഎഫ് അംഗീകൃത ഏജൻസികൾക്കും വിദ്യാർഥികൾക്കും പ്രത്യേക യാത്രാ പാക്കേജുകൾ ലഭ്യമാകും.
ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, ടീകോം ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച് ‘സ്റ്റഡി ദുബായ്’ ക്യാമ്പെയ്നുകൾ ആഗോളതലത്തിൽ വ്യാപിപ്പിക്കാനും എമിറേറ്റ്സ് തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർഥികളെ കൂടുതൽ ആകർഷിക്കുന്നതിനുള്ള ദുബായിയുടെ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് ഇത് കൂടുതൽ പിന്തുണ നൽകുമെന്നാണ് വിലയിരുത്തൽ.




