ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് നിരവധി സീറ്റുകളിൽ വിജയം. അദിതി മഹാവിദ്യാലയ, ശ്രീ ഓറോബിന്ദോ കോളേജ്, ഡോ. ബി.ആർ. അംബേദ്കർ കോളേജ്, ഭാരതി കോളേജ്, ശിവജി കോളേജ് എന്നിവിടങ്ങളിൽ എല്ലാ സീറ്റുകളും നേടിയതായി എബിവിപി അവകാശപ്പെട്ടു.
രാംജാസ് കോളേജിൽ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സെൻട്രൽ കൗൺസിലർ സ്ഥാനങ്ങളിലും ശ്യാമപ്രസാദ് മുഖർജി കോളേജിൽ പ്രസിഡന്റ്, സെൻട്രൽ കൗൺസിലർ സ്ഥാനങ്ങളിലും എബിവിപി സ്ഥാനാർഥികൾ വിജയിച്ചു. കേശവ് മഹാവിദ്യാലയയിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ എബിവിപി നേടിയതായി സംഘടന അറിയിച്ചു.
അതേസമയം, സാക്കിർ ഹുസൈൻ കോളേജിലെ ജോയിന്റ് സെക്രട്ടറി, മിറാൻഡ ഹൗസിലെ സെൻട്രൽ കൗൺസിലർ, ഭാസ്കരാചാര്യ കോളേജിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചതായി സംഘടന അറിയിച്ചു. വിവിധ കോളേജുകളിൽ പ്രധാന സീറ്റുകളിൽ വിജയിച്ചതായി എൻഎസ്‌യുഐയും അവകാശപ്പെട്ടു.
ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ (DUSU) തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ നോർത്ത് ക്യാമ്പസിലെ യൂണിവേഴ്സിറ്റി സ്പോർട്സ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് കേന്ദ്ര സ്ഥാനങ്ങളിലേക്കുള്ള വോട്ടുകളാണ് എണ്ണുന്നത്.
വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 40.46 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സർവകലാശാലയിലെ 52 പോളിങ് കേന്ദ്രങ്ങളിലായിരുന്നു വോട്ടെടുപ്പ്. എബിവിപി, എൻഎസ്‌യുഐ, എഐഎസ്എ-എസ്എഫ്ഐ സഖ്യം ഉൾപ്പെടെയുള്ള സംഘടനകളുടെ സ്ഥാനാർഥികളാണ് പ്രധാന മത്സരരംഗത്തുള്ളത്.



