കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും നിലവിലെ യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ വിമർശിപ്പിക്കണമെന്ന് മാധ്യമങ്ങൾ ആഗ്രഹിക്കുന്നതിൽ ദുഷ്ടലാക്കുണ്ടെന്നും സുരേഷ് ഗോപി ആരോപിച്ചു.
അതേസമയം, വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഉയർന്ന വിലയ്ക്ക് തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങി കെഎസ്ഇബി. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇന്നലെയും 10 കോടി യൂണിറ്റിന് അടുത്തെത്തി. നിയന്ത്രണം ഒഴിവാക്കുന്നതിനായി പവർ എക്സ്ചേഞ്ചിലെ തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങുകയായിരുന്നു. സെപ്റ്റംബറിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തുടരുന്നതായി കെഎസ്ഇബി കണക്കുകളും വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസത്തെ സാഹചര്യത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭിച്ചു. ബുധനാഴ്ചയെ അപേക്ഷിച്ച് എട്ട് ദശലക്ഷം യൂണിറ്റ് അധിക വൈദ്യുതി തത്സമയ വിപണിയിൽ നിന്ന് വാങ്ങാനായി. തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉത്പാദനം വർധിച്ചതും ഇതിന് സഹായകമായി. ഗ്രിഡ് വഴി ഷെഡ്യൂൾ ചെയ്തതിലും കൂടുതൽ വൈദ്യുതി എടുക്കാനും കഴിഞ്ഞു. പുറത്തുനിന്ന് 7.8 കോടി യൂണിറ്റിലധികം വൈദ്യുതി എത്തിക്കാനായതായാണ് കണക്ക്.
കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി വിഹിതത്തിലും നേരിയ വർധനയുണ്ടായി. അതേസമയം, ഈ മാസത്തേക്ക് അധിക വൈദ്യുതി ലഭ്യമാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചകളിൽ ഇതുവരെ പുതിയ കരാർ സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. വൈദ്യുതി ലഭ്യതയിലെ കുറവും ഉയർന്ന ആവശ്യകതയും പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി കൂടുതൽ വൈദ്യുതി കണ്ടെത്താനുള്ള ശ്രമം തുടരുന്നത്.
വരുന്ന മാസങ്ങളിൽ പ്രതിസന്ധി ഒഴിവാക്കാൻ വൈദ്യുതി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചിരുന്നു. മൈലാട്ടി, മുള്ളേരിയ പദ്ധതികൾ അടുത്തമാസം പൂർത്തിയാക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരം, അരീക്കോട് പദ്ധതികൾ നവംബറിലും പോത്തൻകോട് പദ്ധതി ഡിസംബറിലും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സൗരോർജ വൈദ്യുതി സംഭരിച്ച് പിന്നീട് ഉപയോഗിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ പരിമിതി കാരണം പകൽ സമയങ്ങളിൽ കരാർ പ്രകാരമുള്ള വൈദ്യുതി കെഎസ്ഇബിക്ക് സറണ്ടർ ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും റെഗുലേറ്ററി കമ്മീഷൻ നിരീക്ഷിച്ചിരുന്നു. വൈകുന്നേരവും രാത്രിയും ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതി സംഭരണ ശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയാകുന്നുണ്ട്.


