ബംഗളൂരു: കൈക്കൂലി നല്‍കുന്നതിനെ ന്യായീകരിച്ച് കര്‍ണാടകയിലെ എക്സൈസ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവലിംഗേ ഗൗഡ. ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്കുമ്പോള് ബഹുമാനത്തോടെ പണം നല്‍കണം എന്നായിരുന്നു എക്സൈസ് മന്ത്രിയുടെ പരാമര്‍ശം. വിവാദമായതോടെ ഖേദപ്രകടനവുമായി മന്ത്രി രഗത്തെത്തി. മന്ത്രിയുടെ പരാമര്‍ശം കൈക്കൂലിയ്ക്കും അഴിമതിക്കുമുള്ള പിന്തുണയാണെന്ന രൂക്ഷ വിമർശനം ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായി.
ഹാസന് ജില്ലയില്‍ നടന്ന ‘പ്രജാ സേവ ആന്ദോളന്’ പരിപാടിയിലാണ് തങ്ങളുടെ കാര്യങ്ങള്‍ നടക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കൈക്കൂലി വാങ്ങുന്നുവെന്ന് പൊതുജനങ്ങള്‍ മന്ത്രിയോട് പരാതിപ്പെട്ടത്. അതിന് മറുപടി പറയുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്കുമ്പോള് നിങ്ങള്‍ക്ക് എന്താണോ നല്‍കേണ്ടത്, അത് ആദരവോടെ നല്‍കാം. അത് നിങ്ങളുടെ ധര്‍മ്മമാണ്, പക്ഷേ ആരും ബലമായി പണം വാങ്ങരുതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഈ പരാമര്‍ശം സദസ്സിലുണ്ടായിരുന്ന ചിലര്‍ ചോദ്യം ചെയ്ത് രംഗത്തെത്തി. അതോടെ മന്ത്രി പരുങ്ങലിലായി. പിന്നാലെയാണ് ബിജെപിയുടെ അടക്കം ഭാഗത്ത് നിന്ന് രൂക്ഷമായ വിമർശനം ഉയർന്നത്.













