ജയ്പുർ: രാജസ്ഥാനിലെ തിജാര മുൻസിപ്പൽ കൗൺസിലിലെ 18 സ്വതന്ത്ര കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച നടക്കുന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംഭവം. കൗൺസിലർമാർ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്നവരാണെന്നും കോൺഗ്രസ് ആരോപിച്ചു.
ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് തടയാനാണ് കൗൺസിലർമാരെ കസ്റ്റഡിയിലെടുത്തതെന്നും കോൺഗ്രസ് നേതാവ് പ്രദീപ് ചൗധരി ആരോപിച്ചു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പിഞ്ചോർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. കൗൺസിലർമാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസിന്റെ ആരോപണം ഹരിയാണ പൊലീസ് നിഷേധിച്ചു. സംഭവവുമായി പൊലീസിന് ബന്ധമില്ലെന്നും കൗൺസിലർമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എസിപി രാംകുമാർ അറിയിച്ചു.
35 വാർഡുകളുള്ള തിജാര മുൻസിപ്പൽ കൗൺസിലിൽ 31 വാർഡുകളിലും വിജയിച്ചത് സ്വതന്ത്ര സ്ഥാനാർഥികളാണ്. ബിജെപി മൂന്ന് സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. 18 സ്വതന്ത്ര കൗൺസിലർമാർ തങ്ങളുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയാണ് കൗൺസിലർമാരെ കാണാനില്ലെന്ന പരാതി രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.












