കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ഒരാളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശി മുരുകാനന്ദൻ ആചാരിയുടെ മകൻ ബിജു (48) ആണ് അറസ്റ്റിലായത്.
കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് എഴുകോൺ പൊലീസ് കേസെടുത്തത്. ‘കാടാംകുളം’ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ബിജു അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്നാണ് പരാതി.
പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് ബിജു മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. തുടർന്ന് ഇന്ന് രാവിലെ എഴുകോൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രതിയിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പ്രതിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിവരികയാണ്.














