കൊച്ചി: ബൈക്ക് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയ ബാർ മാനേജരെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു. അയ്യപ്പൻകാവ് മത്തായി മാഞ്ഞൂരാൻ റോഡിലെ വൈസ്രോയ് ബാറിന്റെ മാനേജർ കെ.ജെ. ഷെൻസനാണ് മർദനമേറ്റത്.
ഇന്നലെ വൈകിട്ടാണ് സംഭവം. ഓഫിസിലേക്കുള്ള പടിക്കെട്ടിൽ വച്ച് ഷെൻസനെ താഴെയിട്ട് പ്രതികൾ മർദിക്കുകയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഷെൻസന് മർദനത്തിൽ പരുക്കേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
16ന് രാത്രി പത്ത് മണിയോടെ ബാറിലെത്തിയ കരുനാഗപ്പള്ളി സ്വദേശിയാണ് മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ, പഴ്സ്, ബൈക്കിന്റെ താക്കോൽ എന്നിവ കൈക്കലാക്കി ബാറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുമായി കടന്നുകളഞ്ഞത്.
ബൈക്ക് ഉടമയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ബാറിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഷെൻസനിൽ നിന്ന് ശേഖരിച്ചു. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.
പൊലീസ് അന്വേഷണം നടത്തുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് മുഖ്യപ്രതിയും രണ്ട് സുഹൃത്തുക്കളും ഇന്നലെ വൈകിട്ട് ഷെൻസന്റെ ഓഫിസിലെത്തി. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകിയതിനെ ചോദ്യം ചെയ്ത പ്രതി ഷെൻസനെ നെഞ്ചിൽ ചവിട്ടി താഴെയിട്ട ശേഷം മർദിക്കുകയായിരുന്നു.
സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സെൻട്രൽ എസിപി സിബി ടോം അറിയിച്ചു.














