ഹൈദരാബാദ്: ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുചക്ര വാഹനമിടിച്ച് പൊലീസ് സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. ഹൈദരാബാദിൽ ഡ്യൂട്ടിക്കിടെയാണ് 55കാരനായ കെ. വെങ്കണ്ണ മരിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇരുചക്ര വാഹനത്തിലുണ്ടായിരുന്നവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ ടാങ്ക് ബണ്ടിലെ എൻ.ടി.ആർ മാർഗിൽ ക്രെയിൻ നമ്പർ രണ്ടിന് സമീപമായിരുന്നു അപകടം. ഗണേശ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾക്കായി വെങ്കണ്ണ ഉൾപ്പെടെയുള്ള പൊലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. വെങ്കണ്ണയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത സംഘം സഞ്ചരിച്ച ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി.
ഇടിയുടെ ആഘാതത്തിൽ വെങ്കണ്ണ റോഡിൽ വീണു. പരിക്ക് നിസാരമാണെന്ന് കരുതി പിന്നീട് വാറങ്കലിലേക്ക് പോയെങ്കിലും തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ വാറങ്കലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഇരുചക്ര വാഹനം വെങ്കണ്ണയെ ഇടിച്ച് റോഡിൽ വീഴ്ത്തുന്നതും തുടർന്ന് വാഹനം നിർത്താതെ പോകുന്നതും വ്യക്തമാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇരുചക്ര വാഹനവും അതിലുണ്ടായിരുന്നവരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.















