ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിഞ്ഞകാല തീരുമാനങ്ങൾ സുപ്രീം കോടതി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും വിവിധ തീരുമാനങ്ങളിൽ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് എതിർപ്പുകൾ ഉയർന്നതെന്നാണ് റിപ്പോർട്ട്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
അതേസമയം, കമ്മീഷനിലെ വ്യത്യസ്ത അഭിപ്രായങ്ങൾ സാധാരണ ആഭ്യന്തര നടപടികളുടെ ഭാഗമാണെന്നും അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഗ്യാനേഷ് കുമാർ നിലവിൽ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്. 2025 ഫെബ്രുവരി 19നാണ് അദ്ദേഹം ചുമതലയേറ്റത്.




