പത്തനംതിട്ട: ശബരിമലയിൽ നേർച്ചയായി ലഭിച്ച സ്വർണക്കിരീടം കാണാതായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കിരീടം സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം കിരീടം നേരിൽ പരിശോധിച്ച് ബോധ്യപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണക്കിരീടം കാണാനില്ലെന്ന വാർത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ഇതിന് പിന്നാലെ സന്നിധാനത്തെ സ്ട്രോങ് റൂമിൽ ഇല്ലെങ്കിൽ കിരീടം ആറന്മുളയിലെ സ്ട്രോങ് റൂമിൽ ഉണ്ടായിരിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള ഭക്തൻ ശബരിമലയിൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് ദേവസ്വം ബോർഡ് തിരുവാഭരണം കമ്മീഷണറിൽ നിന്ന് റിപ്പോർട്ട് തേടുകയായിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിന് പിന്നാലെ ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തുന്നതിനായി ഹൈക്കോടതി ജസ്റ്റിസ് കെ.ടി. ശങ്കരനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശോധനകൾ അന്തിമഘട്ടത്തിലെത്തിയിരിക്കെയാണ് സ്വർണക്കിരീടവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നത്.
യഥാർഥ സ്വർണക്കിരീടവും അതേ മാതൃകയിലുള്ള മറ്റൊരു കിരീടവും സ്ട്രോങ് റൂമിലുണ്ടെന്നാണ് തിരുവാഭരണം കമ്മീഷണറുടെ പ്രാഥമിക വിശദീകരണം. കിരീടം കാണാതായെന്ന വാർത്ത ദേവസ്വം മന്ത്രിയും നിഷേധിച്ചിരുന്നു.
അതേസമയം, ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. പരിശോധനയിൽ ചില വസ്തുക്കളിൽ ക്രമക്കേട് കണ്ടെത്തിയതായും വിവരമുണ്ട്.












