കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മാതൃകാ സംഘങ്ങൾ, മികച്ച മിൽക്ക് കൂളർ യൂണിറ്റുകൾ, ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്ന സംഘങ്ങൾ, മാതൃകാ കർഷകർ, ഡീലർമാർ, സ്ഥാപനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ ജില്ലകളിലായി 950 അംഗ സംഘങ്ങളാണ് മിൽമ എറണാകുളം മേഖലാ യൂണിയന് കീഴിൽ പ്രവർത്തിക്കുന്നത്. സെപ്റ്റംബർ 26ന് പെരുമ്പാവൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന 40-ാമത് വാർഷിക പൊതുയോഗത്തിൽ മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള അവാർഡുകൾ വിതരണം ചെയ്യും.
നാല് ജില്ലകളിലെ മാതൃകാ സംഘങ്ങൾക്കുള്ള അവാർഡ് മണീട് ആപ്കോസ് (എറണാകുളം), ആനന്ദപുരം ആപ്കോസ് (തൃശ്ശൂർ), പുതുവേലി ആപ്കോസ് (കോട്ടയം), ഇരുമ്പുപാലം ആപ്കോസ് (ഇടുക്കി) എന്നിവർ നേടി. മികച്ച ബൾക്ക് മിൽക്ക് കൂളർ യൂണിറ്റുകൾക്കുള്ള അവാർഡ കല്ലൂർക്കാട് ആപ്കോസ് (എറണാകുളം), മൂന്നുമുറി ആപ്കോസ് (തൃശ്ശൂർ), ചമ്പക്കര ആപ്കോസ് (കോട്ടയം), മച്ചിപ്ലാവ് ആപ്കോസ് (ഇടുക്കി) എന്നിവർക്ക് ലഭിച്ചു.
മികച്ച ഗുണനിലവാരമുള്ള സംഘങ്ങൾക്കുള്ള പുരസ്കാരം വള്ളുവള്ളി ആപ്കോസ് (എറണാകുളം), മായന്നൂർ ആപ്കോസ് (തൃശ്ശൂർ), തലയോലപ്പറമ്പ് ആപ്കോസ് (കോട്ടയം), തട്ടക്കുഴ ആപ്കോസ് (ഇടുക്കി) എന്നിവർ നേടി. ഫാം സെക്ടർ ക്ഷീരമിത്ര അവാർഡ് ആനി എബി (ചേലക്കുളം ആപ്കോസ്), ബീന ജസ്റ്റിൻ (മാന്നാമംഗലം ആപ്കോസ്), ബിജുമോൻ തോമസ് (കുര്യനാട് ആപ്കോസ്), ജിൻസ് കുര്യൻ (കമ്പംമേട് ആപ്കോസ്) എന്നിവർ നേടി. ചെറുകിട കർഷകർക്കുള്ള ക്ഷീരമിത്ര അവാർഡ് തങ്കച്ചൻ ടി.പി. (മണക്കാട്ടുമറ്റം ആപ്കോസ്), രത്നവല്ലി (പൂലാനി ആപ്കോസ്), ബ്ലെസ്സൻ ഇ. കുര്യൻ (വെള്ളൂർ ആപ്കോസ്), ജിൻസി സിജോ (കരിമ്പൻ ആപ്കോസ്) എന്നിവർക്ക് ലഭിച്ചു.
മാർക്കറ്റിംഗ് മേഖലയിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള മിൽമ മിത്ര അവാർഡ് ഗുരുവായൂർ ദേവസ്വം, എയിംസ് എറണാകുളം, വിനായക് കാറ്റേഴ്സ് എന്നിവർ നേടി. കൊച്ചിൻ ഷിപ്പിയാർഡിനും ബി.പി.സി.എല്ലിനും പ്രത്യേക അവാർഡ് ലഭിച്ചു.
മികച്ച ഡിസ്ട്രിബ്യൂട്ടർ അവാർഡ് കോട്ടയത്തെ സൗഭാഗ്യ ഏജൻസിക്ക് ലഭിച്ചു. ഡീലർമാർക്കുള്ള അവാർഡിന് എറണാകുളത്ത് കെ.സി. ചന്ദ്രശേഖരൻ, കോട്ടയത്ത് പി.കെ. പുരുഷോത്തമൻ, തൃശ്ശൂരിൽ കെ.ടി. രാധാകൃഷ്ണൻ, ഇടുക്കിയിൽ രാധിക എന്നിവർ അർഹരായി.
മിൽമ ഷോപ്പി ജനറൽ വിഭാഗത്തിൽ അബ്ദുൽ റഹീമിനും ആപ്കോസ് ഷോപ്പി വിഭാഗത്തിൽ ആനന്ദപുരം ആപ്കോസിനും അവാർഡ് ലഭിച്ചു. വിവിധ സംഘങ്ങൾക്കുള്ള പ്രോത്സാഹന അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.












