തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയായ ഐഡിഎസ്എഫ്എഫ്കെയുടെ ആദ്യദിനമായ ഇന്ന് 23 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്റർനാഷണൽ ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ ചൈനീസ് ചിത്രമായ ‘ക്ലെപ്ടോമാനിയ’, ഷെനിയ കസാൻകിന്റെ ‘സിറ്റി ഓഫ് ഔൾസ്’, ലൂക്കാസ് ഒസാരയുടെ ‘യൂസഫ്’ എന്നിവ ഉൾപ്പെടെ 14 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. റൗൾ പെക്കിന്റെ ‘ഓർവെൽ 2+2=5’, യാസീൻ ഖാന്റെ ‘റോബോട്സ്’, ബെൻ പ്രൗഡ്ഫൂട്ടിന്റെ ‘ദി ഐസ് ഓഫ് ഘാന’ എന്നിവ ഉൾപ്പെടെ എട്ട് ചിത്രങ്ങളും ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
വൈകിട്ട് ആറിന് കൈരളി തിയേറ്ററിലാണ് മേളയുടെ ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ പ്രദർശിപ്പിക്കുന്നത്. ഓസ്ട്രിയയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഇറാനിൽ കുടുങ്ങിപ്പോയ 16 വയസ്സുകാരിയായ അഫ്ഗാൻ കലാകാരി സൊറായയുടെ അതിജീവനമാണ് ചിത്രം പറയുന്നത്.
ഇറാനിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനായ മെഹർദാദ് ഓസ്കൗയിയാണ് ചിത്രം സംവിധാനം ചെയ്തത്. ലോകത്തിലെ പ്രധാന നോൺ ഫിക്ഷൻ ചലച്ചിത്രമേളകളിലൊന്നായ ഐഡിഎഫ്എയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ ചിത്രം 20 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.












