ഇടുക്കി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടുക്കിയിലെ അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഭവം. മാധ്യമപ്രവർത്തകർ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി. എന്നാൽ പ്രതികരിക്കാൻ തയ്യാറാകാതിരുന്ന സതീശൻ, “ഞാൻ നിങ്ങളെ കാണുന്നില്ല. ദയവായി മാറിനിൽക്കണം” എന്ന് ആവശ്യപ്പെട്ടു. തുടർന്ന് മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ പൊലീസിനും നിർദേശം നൽകി.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട ചെലവും സ്പോൺസർഷിപ്പുമാണ് നിലവിൽ വിവാദമായിരിക്കുന്നത്. തനിക്ക് വിമാനം ചാർട്ട് ചെയ്ത് നൽകിയത് മലയാളിയായ ഒരാളാണെന്നും, എന്നാൽ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നും സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
യാത്രയ്ക്കായി സർക്കാർ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും ആവശ്യമെങ്കിൽ ഇത്തരം സ്പോൺസർഷിപ്പ് ഇനിയും സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു. മന്ത്രിമാരുടെ വിദേശയാത്രയെയും കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വ്യക്തിയുടെ വാഹനം ഉപയോഗിച്ചതിനെയും സതീശൻ നേരത്തെ ന്യായീകരിച്ചിരുന്നു.



