ചെന്നൈ: ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ. ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിവരാവകാശ പ്രവർത്തകരിൽ നിന്നും വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം സർക്കാർ ഉത്തരവ് പിൻവലിച്ചത്.
ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി.
സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിലൂടെ ജാതി-വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും നടപടികളും, പൊലീസ് കസ്റ്റഡി മരണങ്ങളിലെയും പൊലീസ് പീഡനങ്ങളിലെയും അന്വേഷണ റിപ്പോർട്ടുകളും പൊലീസ് വെടിവയ്പ്പുകളുമായി ബന്ധപ്പെട്ട അന്വേഷണ രേഖകളും വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള തടങ്കൽ, വിദ്യാർഥികൾ, കർഷകർ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ പ്രക്ഷോഭങ്ങൾ, രാഷ്ട്രീയ പശ്ചാത്തലമുള്ളതോ സമരങ്ങളുമായി ബന്ധപ്പെട്ടതോ ആയ കേസുകൾ പിൻവലിക്കുന്നതിനുള്ള അപേക്ഷകളും തീരുമാനങ്ങളും സംബന്ധിച്ച വിവരങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിലും അന്വേഷണങ്ങളിലും അനാവശ്യ തടസ്സങ്ങൾ ഒഴിവാക്കാനും രഹസ്യാത്മകത സംരക്ഷിക്കാനുമാണ് ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്നായിരുന്നു സർക്കാർ വിശദീകരണം.
എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളിലും പൊലീസ് നടപടികളിലും സുതാര്യതയും ഉത്തരവാദിത്തവും കുറയാൻ നടപടി ഇടയാക്കുമെന്ന് വിവരാവകാശ പ്രവർത്തകർ ആശങ്ക ഉയർത്തിയിരുന്നു. വിമർശനം ശക്തമായതോടെയാണ് സർക്കാർ ഉത്തരവ് പിൻവലിച്ചത്.




