ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ പ്രഖ്യാപിച്ചിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് സമരം പിൻവലിച്ചതായി അറിയിച്ചത്. ഇന്ന് രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും UFBUയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇതിന് പിന്നാലെയാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ച നടപ്പാക്കണമെന്നതായിരുന്നു ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. നിലവിൽ രണ്ടാം ശനിയും നാലാം ശനിയും മാത്രമാണ് ബാങ്കുകൾക്ക് അവധി. തിങ്കൾ മുതൽ വെള്ളി വരെ മാത്രം ബാങ്കിങ് പ്രവർത്തനം പരിമിതപ്പെടുത്തണമെന്നാണ് സംഘടനകളുടെ ആവശ്യം.
ജീവനക്കാരുടെ പ്രമോഷൻ, പെൻഷൻ തുടങ്ങിയ വിഷയങ്ങളും സംഘടനകൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇന്നത്തെ ചർച്ചയിൽ ഏതെല്ലാം വിഷയങ്ങളിലാണ് ധാരണയായതെന്ന് വ്യക്തമായിട്ടില്ല. വിശദമായ വിവരങ്ങൾ നാളെ പത്രക്കുറിപ്പിലൂടെ UFBU അറിയിക്കും.


