ചണ്ഡീഗഡ്: വിദ്യാർഥി പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ പഞ്ചാബ് ലൗലി സർവകലാശാലയിൽ 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവച്ചു. ഇന്ന് മുതൽ 10 ദിവസത്തേക്ക് റെഗുലർ ക്ലാസുകൾ ഉണ്ടാകില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. മിഡ്-ടേം പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങാം. ഹോസ്റ്റലിൽ തുടരുന്നവർ പുറത്തിറങ്ങരുതെന്നും പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും അധികൃതർ നിർദേശം നൽകി. വിദ്യാർഥികൾ ശാന്തരായി തുടരണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും സർവകലാശാല അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലയുടെ സുരക്ഷാ ചുമതല പൊലീസ് ഏറ്റെടുത്തു. 2,000 പൊലീസുകാരെയാണ് ക്യാമ്പസിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്.
സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് പഞ്ചാബ് പിസിസി പ്രസിഡന്റ് രാജ്കുമാർ വെർക്ക പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ അധികൃതരും വിദ്യാർഥികളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിന്റെ യഥാർഥ വസ്തുതകൾ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സർവകലാശാലാ ക്യാമ്പസിനുള്ളിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായെന്ന ആരോപണം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. അന്വേഷണം തുടരുന്നതിനിടെ അജ്ഞാതരായ നിരവധി പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദ്യാർഥിനി ബലാത്സംഗത്തിനിരയായെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സർവകലാശാലയിൽ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം സംഘർഷത്തിലേക്ക് മാറുകയായിരുന്നു.


