കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ഡിസ്ചാർജ് ചെയ്യാനിരുന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. മട്ടാഞ്ചേരി സ്വദേശി പി.എസ്. ഹലീൽ റഹ്മാനാണ് ഞായറാഴ്ച ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്.
രോഗി കുഴഞ്ഞുവീണ വിവരം അറിഞ്ഞിട്ടും ആശുപത്രി ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും ഡോക്ടർമാരോ നഴ്സുമാരോ ഉടൻ എത്തിയില്ലെന്നും കുടുംബം ആരോപിച്ചു. ബന്ധുക്കൾ ചേർന്നാണ് ഹലീലിനെ ഐസിയുവിൽ എത്തിച്ചത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നുവെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, കളമശ്ശേരി മെഡിക്കൽ കോളേജിലുണ്ടായത് ഗുരുതര ചികിത്സാപ്പിഴവാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് ആരോപിച്ചു. രോഗി കുഴഞ്ഞുവീണ സമയത്ത് വാർഡിൽ ഒരു ഡോക്ടർ പോലുമുണ്ടായിരുന്നില്ലെന്നും കെടുകാര്യസ്ഥതയാണ് സംഭവത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിനെതിരെയും മന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെയും വിമർശനം ഉന്നയിച്ച സതീഷ്, കുടുംബത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും ഹലീലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഡിസ്ചാർജ് ചെയ്യാനിരിക്കെ ശുചിമുറിയിൽ പോയി മടങ്ങിയ ഹലീൽ റഹ്മാൻ കിടക്കയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ബന്ധുക്കൾ അദ്ദേഹത്തെ ഐസിയുവിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകി.
പരാതി ലഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. അനൂപ് ജോസഫ് പറഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് പോസ്റ്റ്മോർട്ടം നടത്തുമെന്നും രോഗിയെ പരിചരിക്കുന്നതിൽ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കാൻ അന്വേഷണ കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. രോഗിയുടെ ബന്ധുക്കളിൽ നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹലീൽ റഹ്മാനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഹാർബറിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഇരുചക്രവാഹനത്തിൽ നിന്ന് വീണ് ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. കാലിൽ രണ്ടിടത്ത് പൊട്ടലുണ്ടായിരുന്നുവെന്നും വെള്ളിയാഴ്ച തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഹൃദയാഘാതമോ പൊട്ടിയ എല്ലിൽ നിന്നുള്ള മജ്ജ രക്തത്തിൽ കലർന്ന് രക്തം കട്ടപിടിച്ചതോ ആകാം മരണകാരണമെന്നാണ് ആശുപത്രിയുടെ പ്രാഥമിക നിഗമനം. വിശദമായ പരിശോധനകൾക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.












