ന്യൂഡൽഹി: ബാങ്കുകളുടെ പ്രവർത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കണമെന്ന ജീവനക്കാരുടെ ആവശ്യം ചർച്ച ചെയ്യാൻ ഉന്നതതല സമിതി രൂപീകരിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ). സെപ്റ്റംബർ 27ന് ഐബിഎയുടെ ചർച്ചാ സമിതിയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും തമ്മിൽ നടന്ന യോഗത്തിന് പിന്നാലെയാണ് നടപടി.
ബാങ്ക് മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുടെ യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്നതാണ് പുതിയ സമിതി. ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ രജനീഷ് കർണാടകിനെയാണ് സമിതി ചെയർമാനായി നിയമിച്ചത്. പഞ്ചാബ് നാഷണൽ ബാങ്ക് എംഡിയും സിഇഒയുമായ അശോക് ചന്ദ്ര പകരം ചെയർമാനായി ചുമതല വഹിക്കും.
അഞ്ചുദിവസത്തെ ബാങ്കിങ് പ്രവർത്തി സംവിധാനം നടപ്പാക്കണമെന്ന ആവശ്യം ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ വർഷങ്ങളായി ഉന്നയിക്കുന്നതാണ്. പദ്ധതി നടപ്പായാൽ എല്ലാ ശനിയാഴ്ചകളും ബാങ്കുകൾക്ക് അവധിയായിരിക്കും.
അഞ്ചുദിവസത്തെ ബാങ്കിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചർച്ചകൾ നടന്നിരുന്നു. 2023 ജനുവരി 31ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിദിന ബാങ്കിങ് സമയം 45 മിനിറ്റ് വർധിപ്പിക്കാമെന്ന് ഐബിഎ നിർദേശിച്ചിരുന്നു. നേരത്തെ യൂണിയനുകൾ 30 മിനിറ്റ് വർധനയാണ് മുന്നോട്ടുവെച്ചിരുന്നത്.
2023 ഫെബ്രുവരി 28ലെ യോഗത്തിൽ അഞ്ചുദിവസത്തെ പ്രവർത്തി ആഴ്ച സാധ്യമാക്കുന്നതിനായി മറ്റ് ദിവസങ്ങളിലെ ബാങ്കിങ് സമയം പരിഷ്‌കരിക്കുന്നതിൽ പ്രാഥമിക ധാരണയിലെത്തിയിരുന്നുവെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടി.
പുതിയ സമിതി ബാങ്ക് മാനേജ്മെന്റിന്റെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിഷയത്തിൽ തുടർചർച്ചകൾ നടത്തും. സമിതിയുടെ ചർച്ചകൾക്ക് ശേഷമായിരിക്കും അഞ്ചുദിവസത്തെ ബാങ്കിങ് സംബന്ധിച്ച തുടർനടപടികളിലേക്ക് കടക്കുക.




