കൊച്ചി: നോർത്ത് പറവൂരിൽ 37 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സുമൻ ഷെയ്ഖ് (23) ആണ് നോർത്ത് പറവൂർ പൊലീസ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് 37 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവുമായി എത്തിയ മുർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും പറവൂർ പൊലീസും ചേർന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയിരുന്നത് സുമൻ ഷെയ്ഖാണെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് ജില്ലയിലെ ഒലവങ്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ആർപിഎഫിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



