പാലക്കാട്: സുരേഷ് ബാബുവിനെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുന്നതിനും ആവശ്യമായവരെ സംഘടനാ ചർച്ചകളിലേക്ക് ക്ഷണിക്കുന്നതിനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു. സുരേഷ് ബാബുവിനെതിരെ യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ പാർട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും, പൊലീസിൽ പരാതി നൽകേണ്ടത് യുവതിയാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതായാണ് റിപ്പോർട്ട്. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി പരാതി വായിച്ചുകേൾപ്പിക്കുകയും സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. യുവതിയുടെ പരാതിയുടെ പേരിലാണ് തന്നെ മാറ്റിയതെന്ന് പുറത്തറിയരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുന്നതും സിപിഎം നേതൃത്വം പരിഗണിക്കുന്നുണ്ട്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികൾ പരിഗണനയിലുണ്ടെന്നാണ് വിവരം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. സുരേഷ് ബാബുവിനെതിരെ യുവതി ഡിജിറ്റൽ തെളിവുകളോടെയാണ് പാർട്ടി നേതൃത്വത്തെ സമീപിച്ചതെന്നാണ് വിവരം.




