ന്യൂഡല്‍ഹി: യുഡിഎഫിൽ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകിയതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പരാതി നൽകിയതായി സ്ഥിരീകരിച്ചെങ്കിലും മറ്റ് ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനവുമായി അടൂർ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. വി.ഡി. സതീശനെതിരായ വിമർശനം തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു. വിഷയത്തിൽ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ എഐസിസിയെ അറിയിക്കുമെന്നുമായിരുന്നു അടൂർ പ്രകാശിന്റെ നിലപാട്.
അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അടൂർ പ്രകാശ് അസാധാരണ വാർത്താസമ്മേളനവും നടത്തിയിരുന്നു. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ നിയമനം, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനം തുടങ്ങിയ വിഷയങ്ങളിലും അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു.
യുഡിഎഫിൽ യാതൊരു കൂടിയാലോചനയും ഉണ്ടായില്ലെന്നും യോഗം ചേരാൻ കഴിഞ്ഞില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചിരുന്നു. യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈ എടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതായിരുന്നുവെന്നും കൂട്ടായ ചർച്ചയിലൂടെ തീരുമാനങ്ങൾ എടുക്കേണ്ടതായിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു.
യുഡിഎഫും കോൺഗ്രസും തമ്മിൽ സംഘർഷമില്ലെന്നും എന്നാൽ ഇത്തരം കാര്യങ്ങൾ തുറന്നുപറയേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരുതവണ മാത്രമാണ് ക്ലിഫ് ഹൗസിൽ യോഗം ചേർന്നതെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടിയിരുന്നു.
ആർക്കെങ്കിലും സ്ഥാനമാനങ്ങൾ നൽകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ തീരുമാനങ്ങൾ കൂട്ടായ ചർച്ചയിലൂടെ ആയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുഡിഎഫ് കൺവീനർ എന്ന നിലയിൽ കൂടി ആലോചിച്ച ശേഷമായിരിക്കണം ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. മുസ്‌ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷപദവി നൽകിയതിന് പിന്നാലെയാണ് കോൺഗ്രസിലെ ഭിന്നത പരസ്യമായത്.





.