മികച്ച വിദേശ-സ്വദേശി താരങ്ങളെ ടീമിലെത്തിച്ച് അടുത്ത സീസണിലേക്കുള്ള ഒരുക്കം സജീവമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ താരമായിരുന്ന ആന്ദ്രെ ജെയ് ഗ്രീനിനെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് ഗിനിയൻ താരം മോമോ യാൻസാനെയെയും സെനഗൽ താരം ഫാലോ എൻഡിയേയെയും മഞ്ഞക്കുപ്പായത്തിലെത്തിക്കും. യുറഗ്വായ് താരം അഡ്രിയാൻ ലൂണ ഇതിനകം ചെന്നൈയിൽ നടക്കുന്ന ക്യാമ്പിലെത്തിയിട്ടുണ്ട്.
വിദേശ താരങ്ങൾക്കൊപ്പം മലയാളി മുന്നേറ്റ താരം മുഹമ്മദ് സനാനേയും സ്വന്തമാക്കിയിട്ടുണ്ട്. ജംഷേദ്പുർ എഫ്സിയിൽ നിന്നാണ് 22-കാരനായ താരം മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. 2028-29 സീസൺ അവസാനിക്കുന്നതുവരെ ദീർഘകാല കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് പ്രോഗ്രാമിലൂടെയാണ് തന്റെ ഫുട്ബോൾ അടിത്തറ ശക്തമാക്കിയത്. തുടർന്ന് 2023-ൽ ജംഷേദ്പുർ എഫ്സിയിലൂടെ സീനിയർ തലത്തിലേക്ക് ചുവടുവെച്ച താരം ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ തന്റേതായ ഇടം കണ്ടെത്തി.
2023-24 സീസണിൽ ഐഎസ്എൽ അരങ്ങേറ്റം കുറിച്ച സനാൻ, ആദ്യ സീസണിൽ തന്നെ 20 ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങി. തൊട്ടടുത്ത 2024-25 സീസണിൽ 24 ലീഗ് മത്സരങ്ങളിൽ കൂടി ബൂട്ടണിഞ്ഞ താരം ജംഷേദ്പുരിന്റെ ആക്രമണനിരയിലെ സ്ഥിരസാന്നിധ്യമായി മാറി.


