ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുമ്പ് മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ച് കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്ന് ആരോപിച്ച ദീപ്കെ, ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമർശിച്ചു. രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ മോദി പരാജയം സമ്മതിച്ചെന്നും ദീപ്കെ എക്സിൽ കുറിച്ചു.
നരേന്ദ്ര മോദി ഭയന്നതിനാലാണ് ഡൽഹി മെട്രോയും റോഡുകളും അടച്ചുപൂട്ടിയതെന്ന് അഭിജിത്ത് ദീപ്കെ ആരോപിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനാണോ മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾ ഇനി തനിക്ക് വോട്ട് ചെയ്യില്ലെന്ന ഭയമാണ് മോദിക്കുള്ളതെന്നും ദീപ്കെ ആരോപിച്ചു.
ജനാധിപത്യപരമായും സമാധാനപരമായും പ്രതിഷേധിക്കുക എന്നത് തങ്ങളുടെ മൗലികാവകാശമാണെന്നും ഭരണഘടനയുടെ 19-ാം അനുച്ഛേദം ഈ അവകാശം ഉറപ്പുനൽകുന്നുണ്ടെന്നും അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.
അതേസമയം, സിജെപി പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാരെ നേരിടാൻ ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും 40,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് റിപ്പോർട്ട്. റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനൊപ്പം താൽക്കാലിക മുള്ളുവേലികളും ഒരുക്കുന്നുണ്ട്. വാഹനഗതാഗതം നിയന്ത്രിക്കാനും പൊലീസ് നടപടികൾ സ്വീകരിച്ചു. പ്രതിഷേധത്തിന് മുന്നോടിയായി മാൻഡി ഹൗസിൽ ദ്രുതകർമസേന പതാകമാർച്ചും നടത്തി. ഇതിനിടെ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് പത്ത് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.




