പത്തനംതിട്ട: പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലാണ് സംഭവം. പ്രതിയെ പിടികൂടാൻ പിന്നാലെ ഓടിയ പൊലീസുകാരന് കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
തിരുവല്ല ഷുഗർ ഫാക്ടറിയുടെ പഴയ കെട്ടിടത്തിലാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ പ്രതികളെ പാർപ്പിക്കാൻ സുരക്ഷിതമായ ലോക്കപ്പ് സൗകര്യമില്ല. അതിനാൽ തറയിൽ ഉറപ്പിച്ച കൊളുത്തിൽ കൈവിലങ്ങ് ബന്ധിച്ചാണ് പ്രതികളെ ഇവിടെ നിർത്തിയിരുന്നത്. ഈ കൊളുത്ത് ബലമായി ഇളക്കിമാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്.
പ്രതി ആറ്റിലൂടെ രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം. പ്രദേശത്ത് നിന്ന് ഒരു വള്ളം കാണാതായിട്ടുണ്ട്. പ്രതിയുടെ ഭാര്യവീട് കണ്ണൂരായതിനാൽ അവിടേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് പ്രതി സ്റ്റേഷനിൽ ഉണ്ടായിരുന്നത്. ലോക്കപ്പ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പഴയ കെട്ടിടത്തിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്ന ചർച്ചയും സംഭവത്തോടെ വീണ്ടും ശക്തമായിട്ടുണ്ട്.




