പത്തനംതിട്ട: തിരുവല്ല കുറ്റൂർ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച 60കാരിയെ നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് രക്ഷപ്പെടുത്തി. മദ്യലഹരിയിലായിരുന്ന സ്ത്രീ പാലത്തിന്റെ കൈവരി കടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു.
ആദ്യശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ചാടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ ഇടപെട്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷിനെ വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റും രണ്ട് വനിതാ സഹപ്രവർത്തകരും ചേർന്ന് സ്ത്രീയെ പിന്തിരിപ്പിച്ചു.
പിന്നീട് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സർക്കാർ ആശുപത്രിയിൽ പോകാൻ സ്ത്രീ ആദ്യം തയ്യാറായില്ല. ഒടുവിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കുശേഷം പൊലീസ് റിപ്പോർട്ട് വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് പ്രസിഡന്റ് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി ഡോക്ടർക്ക് റിപ്പോർട്ട് കൈമാറി.
ഭർത്താവ് മരിച്ച തനിക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്നും മക്കൾ അവഗണിക്കുന്നതിനാലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞതായാണ് വിവരം. പ്രാഥമിക ചികിത്സ നൽകിയശേഷം ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.




