ആലപ്പുഴ: ചെങ്ങന്നൂരിനടുത്ത് തിരുവൻവണ്ടൂരിൽ ലഹരി സംഘത്തിന്റെ അക്രമവും ഭീഷണിയും നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ശല്യം രാത്രിയിലും തുടർന്നതോടെ നാട്ടുകാർ സംഘടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടി. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
മദ്യപിച്ച് അമിതവേഗത്തിൽ കാർ ഓടിച്ചെത്തിയ സംഘം ഗ്രാമവഴിയിൽ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകർക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും ചെയ്തെന്നാണ് വിവരം. സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ഇതിന് പിന്നാലെ രാത്രി വീണ്ടും എത്തിയ സംഘം നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ നാട്ടുകാരും പൊലീസും ചേർന്ന് ഓതറയിൽനിന്ന് പിടികൂടി. മറ്റ് രണ്ട് പേരെ ചെങ്ങന്നൂർ നഗരത്തിലെ ബാറിൽനിന്ന് ഇന്നലെ രാത്രി പൊലീസ് പിടികൂടി. വടിവാൾ ഉപയോഗിച്ച് വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ഒരാളെ കൂടി കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.




