മുംബൈ: സൈബർ തട്ടിപ്പുകാർക്ക് സാമ്പത്തിക ഇടപാടുകൾ നടത്താൻ സ്വന്തം ബാങ്ക് അക്കൗണ്ട് നൽകിയ മലയാളിയെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയും കെട്ടിടനിർമാണ കരാറുകാരനുമായ ടി.പി. ഷമീറിനെയാണ് കഴിഞ്ഞ മൂന്നിന് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
ബിസിനസ് പങ്കാളി വഞ്ചിച്ചതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഷമീർ, മറ്റൊരാളുടെ ഉപദേശപ്രകാരം സ്വന്തം ബാങ്ക് അക്കൗണ്ട് സൈബർ തട്ടിപ്പുകാർക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈബർ തട്ടിപ്പിനിരയായ ഒരാളുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് കണ്ണൂരിലെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്ന ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഷമീറിന്റെ ബാങ്ക് അക്കൗണ്ട് മറ്റ് ആറോളം സാമ്പത്തിക തട്ടിപ്പുകൾക്കും ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനാണെന്ന് അറിഞ്ഞുകൊണ്ട് ബാങ്ക് അക്കൗണ്ട് കൈമാറിയതാണ് പ്രതിക്കെതിരായ കുറ്റം.




